07:16pm 26 June 2026
NEWS
ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തു; നാലു മാസം ​ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ഉൾപ്പെടെയുള്ളവർ വെട്ടികൊലപ്പെടുത്തി
22/12/2025  03:40 PM IST
nila
ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തു; നാലു മാസം ​ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ഉൾപ്പെടെയുള്ളവർ വെട്ടികൊലപ്പെടുത്തി

ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ഗർഭിണിയായ യുവതിയെ സ്വന്തം കുടുംബാംഗങ്ങൾ കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബളിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഹുബ്ബളി ഇനാം വീരാപുര ഗ്രാമത്തിലെ താമസക്കാരിയായ മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ അച്ഛനും സഹോദരനും ഒരു ബന്ധുവുമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലിംഗായത്ത് സമുദായത്തിൽപ്പെട്ട മന്യയും ദലിത് വിഭാഗത്തിൽപ്പെട്ട വിവേകാനന്ദയും കഴിഞ്ഞ മേയ് മാസത്തിലാണ് വിവാഹിതരായത്. ബിരുദ വിദ്യാർഥികളായിരുന്ന ഇരുവരും മന്യയുടെ കുടുംബത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് വിവാഹം കഴിച്ചത്. തുടർന്ന് ഇരുവരും ഹാവേരി ജില്ലയിൽ താമസമാക്കി.

മന്യ ഗർഭിണിയായതിനെ തുടർന്ന് കഴിഞ്ഞ ഒൻപതിനാണ് ദമ്പതികൾ വീണ്ടും ഗ്രാമത്തിലെത്തിയത്. ഇതിന് പിന്നാലെ മന്യയുടെ വീട്ടുകാർ വിവേകാനന്ദയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു.

എന്നാൽ ഞായറാഴ്ച വൈകിട്ട് മന്യയുടെ അച്ഛൻ പ്രകാശ് ഗൗഡ പാട്ടീൽ, സഹോദരൻ അരുൺ, ബന്ധു വീരണ്ണ എന്നിവരുടെ നേതൃത്വത്തിൽ സംഘം ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മന്യക്കും വിവേകാനന്ദയുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ മന്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുമാസം ഗർഭിണിയായിരുന്നു യുവതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെയും ഹുബ്ബളി റൂറൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പരുക്കേറ്റവരുടെ ചികിത്സ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img